ബാഹുബലി എന്ന ചിത്രത്തിൽ ‘ഭല്ലല ദേവനാ’യി വേഷമിട്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ റാണ ദഗുബട്ടി വിവാഹിതനാകുന്നു. റാണ ദഗുബട്ടിയുടെ പിതാവ് ‘ഹൈദരാബാദ് ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് റാണയുടെ വിവാഹക്കാര്യം പുറത്തുവിട്ടത്. ഇന്റീരിയർ ഡിസൈനറും റാണയുടെ ദീർഘകാല സുഹൃത്തുമായ മിഹിക ബജാജാണ് വധു. ഈ വർഷം തന്നെ വിവാഹം നടത്താൻ ഉദ്ദേശിക്കുന്നുവെന്നും റാണയുടെ പിതാവ് വെളിപ്പെടുത്തി.
Read Also: മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന നേട്ടം സ്വന്തമാക്കി ‘ഫോറൻസിക്’
കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിച്ച കഥാപാത്രമായിരുന്നു ‘ബാഹുബലി’യിലെ ‘ഭല്ലല ദേവൻ’ . ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ റാണാ ദഗുബട്ടിയ്ക്ക് കഴിഞ്ഞിരുന്നു. 2010ൽ ‘ലീഡർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റാണ ചലച്ചിത്ര മേഖലയിലെത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡും റാണ സ്വന്തമാക്കിയിരുന്നു.
…