വ്യത്യസ്തമായ ഗെറ്റപ്പിൽ നിവിൻ; തുറമുഖത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്.

0
855

നിവിൻ പോളിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖ’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചുണ്ടിൽ എരിയുന്ന ബീഡിയുമായി അൽപം പരുക്കൻ ഭാവത്തോടെയുള്ള നിവിൻ പോളിയുടെ പുതിയ പോസ്റ്ററാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയത്. പ്രശസ്ത നാടക രചയിതാവായ കെ എം ചിദംബരന്‍ മാസ്റ്ററുടെ ‘തുറമുഖം’ എന്ന നാടകത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന് അദ്ദേഹത്തിന്റെ മകനും, തിരക്കഥാകൃത്തും നാടകാദ്ധ്യാപകനുമായ ഗോപന്‍ ചിദംബരനാണ് തിരക്കഥ രചിക്കുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

സ്വന്തം മണ്ണിൽ അതിജീവനത്തിനായി ചങ്കൂറ്റത്തോടെ ഇറങ്ങിത്തിരിച്ച യുവാക്കളുടെ കഥപറഞ്ഞ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കമ്മട്ടിപ്പാട’ത്തിനു ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും തുറമുഖത്തിനുണ്ട്. പേര് സൂചിപ്പിക്കും പോലെ തന്നെ കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അര്‍ജുൻ അശോകൻ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാനതാരങ്ങൾ.

Nivin Pauly, Rajeev Ravi